രാജ്യത്ത് ബഹിരാകാശ മേഖലയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഒറ്റ അക്കത്തിൽ നിന്ന് 150 ആയി ഉയർന്നതായും സർക്കാർ സ്വീകരിച്ച നടപടികൾ കാരണം ഈ മേഖലയിൽ സ്റ്റാർട്ടപ്പ് ബൂം നിലനിൽക്കുന്നുണ്ടെന്നും ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഹൈദരാബാദിൽ സ്കൈറൂട്ടിൻ്റെ പുതിയ ഓഫീസ് പരിസരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് രാജ്യത്തിൻ്റെ കഴിവുകളുടെയും ശാസ്ത്രപരമായ വിവേകത്തിൻ്റെയും മാത്രം ഉദാഹരണമല്ല മറിച്ച് രാജ്യത്ത് നിലനിൽക്കുന്ന വലിയ സാധ്യതകളെക്കുറിച്ചുള്ള സന്ദേശം കൂടി നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. "അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ" ശാസ്ത്ര ഗവേഷണത്തിൽ കൂടുതൽ പൊതു സ്വകാര്യ പങ്കാളിത്തത്തിന് വഴിയൊരുക്കുമെന്നും രാജ്യത്തെ വികസിത രാജ്യങ്ങളുടെ ലീഗിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൈറൂട്ടിൻ്റെ വിജയം സ്വന്തം സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്കൈറൂട്ടിൻ്റെ വിക്രം-1 റോക്കറ്റ് മന്ത്രി അനാച്ഛാദനം ചെയ്യുകയും പരിസരത്തെ വിവിധ സൗകര്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.