ആല്‍ബെര്‍ട്ടയില്‍ മോഷ്ടിച്ച മൂന്ന് ട്രക്കുകള്‍ ഓണ്‍ലൈനില്‍ വിറ്റു: വാഹനം വാങ്ങുന്നവര്‍ക്ക്  മുന്നറിയിപ്പുമായി ആര്‍സിഎംപി 

By: 600002 On: Oct 24, 2023, 9:57 AM

 

 

ആല്‍ബെര്‍ട്ടയില്‍ മോഷ്ടിച്ച മൂന്ന് പിക്കപ്പ് ട്രക്കുകള്‍ ഓണ്‍ലൈനില്‍ വിറ്റുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട ആര്‍സിഎംപി. മൂന്ന് ഫോര്‍ഡ് റാപ്റ്റര്‍ പിക്കപ്പ് ട്രക്കുകള്‍ മോഷ്ടിക്കുകയും പുതിയ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുകയും ചെയ്തതിന് ശേഷം ഓണ്‍ലൈന്‍ വഴിയോ, റോഡ്‌സൈഡ് പ്രൈവറ്റ് സെയില്‍ വഴിയോ വില്‍ക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങള്‍ക്ക് പുതിയ VIN നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നില്ലെന്ന് ട്രക്കുകള്‍ വാങ്ങിയവര്‍ പറയുന്നു. ലൈന്‍ ചെക്കുകള്‍, കാര്‍ഫാക്‌സ് അല്ലെങ്കില്‍ കാര്‍പ്രൂഫ് ചെക്കുകള്‍ എന്നിവ പൂര്‍ത്തിയാക്കിയതായി വാങ്ങിയവര്‍ പറഞ്ഞു. കാല്‍ഗറി, എഡ്മന്റണ്‍ ഏരിയകളില്‍ ഉള്ളവരാണ് ട്രക്കകള്‍ വാങ്ങിയത്. ഓരോ വാഹനത്തിനും 80,000 ഡോളര്‍ വില വരുമെന്നാണ് പോലീസ് കണക്കാക്കുന്നത്. 

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി ആര്‍സിഎംപി അറിയിച്ചു. പ്രൈവറ്റായി വാഹനം വാങ്ങുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ മുന്‍കരുതലും ജാഗ്രതയും പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ലോക്കല്‍ പോലീസില്‍ വിവരം അറിയിക്കണമെന്ന് ആര്‍സിഎംപി നിര്‍ദ്ദേശിച്ചു.