ജസ്റ്റിന്‍ ട്രൂഡോയെയും കാനഡയിലെ മറ്റ് രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ട് ചൈനീസ് കാംപെയ്ന്‍ 

By: 600002 On: Oct 24, 2023, 8:08 AM

 

 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കാനഡയിലെ മറ്റ് എംപിമാരെയും ചൈനീസ് ബന്ധമുള്ള സ്പാമൗഫ്‌ളേജ് കാംപെയിനിലൂടെ(Spamouflage campaign) ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ബോട്ട് നെറ്റ്‌വര്‍ക്ക് അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ആയിരക്കണക്കിന് അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ഫെഡറല്‍ സര്‍ക്കാരിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് മെക്കാനിസമാണ്(RRM) ഈ കാംപെയ്ന്‍ കണ്ടെത്തിയത്. ഇത് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു.

ഓഗസ്റ്റ് മാസം ആദ്യം ആരംഭിച്ച് സെപ്റ്റംബറിലെ അവസാന ആഴ്ച വരെ ഈ കാംപെയ്ന്‍ തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള എംപിമാരുടെ ഫെയ്‌സ്ബുക്ക്, എക്‌സ് അക്കൗണ്ടുകളില്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്താണ് കാംപെയ്ന്‍ നടത്തിയത്. 

ജസ്റ്റിന്‍ ട്രൂഡോയെ കൂടാതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയ്‌ലിവ്‌റെ, നിരവധി കാബിനറ്റ് മന്ത്രിമാര്‍ എന്നിവരും കാംപെയിനില്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ കാംപെയ്ന്‍ ഇവരുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നില്ലെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ നിരീക്ഷിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.