ഹംബോള്‍ട്ട് ബ്രോങ്കോസ് ബസ് അപകടത്തിന് ഉത്തരവാദിയായ ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ ജസ്‌കിരത് സിംഗ് സിദ്ദുവിനെ നാടുകടത്തുന്നത് സംബന്ധിച്ച് ഫെഡറല്‍ കോടതി വാദം കേട്ടു. കേസില്‍ വാദം കേള്‍ക്കാന്‍ കോടതി സമ്മതിച്ചെങ്കിസും തീരുമാനമുണ്ടായില്ല. വാദം നടക്കുമ്പോള്‍ സിദ്ദു കോടതിയില്‍ ഹാജരായിരുന്നില്ല. ഫെഡറല്‍ കോടതി ചീഫ് ജസ്റ്റിസ് പോള്‍ ക്രാംപ്ടണ്‍ കേസ് സംബന്ധിച്ച് എപ്പോള്‍ തീരുമാനിക്കുമെന്ന് അറിയിച്ചിട്ടില്ല. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് അതിന് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി സിദ്ദുവിനെ നാടുകടത്താന്‍ ശുപാര്‍ശ ചെയ്യരുതായിരുന്നുവെന്ന് സിദ്ദുവിന്റെ അഭിഭാഷകന്‍ മൈക്കല്‍ ഗ്രീന്‍ കോടതിയില്‍ പറഞ്ഞു. നാഷണല്‍ ട്രാജഡിയും വലിയ വേദനയുമാണ് തന്റെ കക്ഷി സൃഷ്ടിച്ചത്. എന്നാല്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സിദ്ദുവിന്റെ മുന്‍കാല റെക്കോര്‍ഡും പശ്ചാത്താപവും പരിഗണിച്ചില്ലെന്നും ഗ്രീന്‍ ആരോപിക്കുന്നു.
കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി സിദ്ദുവിനെ ഇന്ത്യയിലേക്ക് നാടുകടത്തണമോ എന്നതില്‍ തീരുമാനമെടുക്കാന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡിന് കൈമാറാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേസില്‍ സിദ്ദു വിജയിക്കുകയാണെങ്കില്‍ വിഷയം മറ്റൊരു അവലോകനത്തിനായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിക്ക് തിരിച്ചയക്കും.
2018 ല്‍ സസ്‌ക്കാച്ചെവനിലുണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറ്റം സമ്മതിച്ച സിദ്ദുവിന് എട്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.