കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ തുറമുഖ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ നടക്കുന്ന എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സോനോവാൾ ഇന്ത്യയെ പ്രതിനിധീകരിക്കും. സെപ്റ്റംബർ 10 മുതൽ 13 വരെയാണ് ഫോറം നടക്കുന്നത്. സന്ദർശന വേളയിൽ, റഷ്യൻ ഫാർ ഈസ്റ്റ്, ആർട്ടിക് വികസന മന്ത്രി അലക്സി ചെകുങ്കോവ്, ഗതാഗത മന്ത്രി വിറ്റാലി സാവെലീവ് എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ദൃഢമായ ബന്ധം നിലനിർത്തുകയും വിവിധ മേഖലകളിൽ തന്ത്രപരവും വ്യാപാരവും ലോജിസ്റ്റിക്കൽ സഹകരണവും വളർത്തിയെടുക്കുകയുമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. വ്ലാഡിവോസ്റ്റോക്കിനും ചെന്നൈയ്ക്കും ഇടയിൽ ബദൽ വ്യാപാര പാത വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തന്റെ സന്ദർശനം ഉത്തേജനം നൽകുമെന്ന് സോനോവാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈസ്റ്റേൺ മാരിടൈം കോറിഡോർ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക് ഗതാഗത സമയം കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ്.