ദില്ലിയിൽ നാളെ ആരംഭിക്കുന്ന ജി20 ഉച്ചകോടി മനുഷ്യ കേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത രണ്ട് ദിവസങ്ങളിൽ ലോക നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും 18-ാമത് ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും സുസ്ഥിര ഭാവിക്കായുള്ള ഹരിത വികസന ഉടമ്പടികളുടെയും പുരോഗതി ത്വരിതപ്പെടുത്താനും 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പറഞ്ഞ പ്രധാനമന്ത്രി സാങ്കേതിക പരിവർത്തനം, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ഭാവി മേഖലകൾക്ക് ഇന്ത്യ വളരെയധികം മുൻഗണന നൽകുന്നുണ്ടെന്നും ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും ലോകസമാധാനം ഉറപ്പാക്കുന്നതിനും കൂട്ടായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.