വാന്‍കുവറില്‍ ഫീസ് നിരക്ക് വര്‍ധന കൗണ്‍സില്‍ പരിഗണിക്കുന്നു 

By: 600002 On: Sep 8, 2023, 11:01 AM

 

വാന്‍കുവര്‍ നഗരത്തില്‍ ജീവിതച്ചെലവ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഉയര്‍ന്ന വാടക നിരക്കുകള്‍ക്ക് പുറമെ ഭക്ഷ്യ വിപണി, വാഹന വിപണി എന്നിവയിലും നിരക്കുകള്‍ കുത്തനെ വര്‍ധിക്കുകയാണ്. ഉടന്‍ തന്നെ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ മുതല്‍ റൈഡ്-ഹെയ്‌ലിംഗിന് വരെ ഫീസ് വര്‍ധിക്കാന്‍ പോവുകയാണ്. പുതിയ ഫീസ് നിരക്കുകള്‍ കൗണ്‍സില്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

പ്രോപ്പര്‍ട്ടി ടാക്‌സിലെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നിരക്ക് വര്‍ധന സഹായിക്കുമെന്നാണ് സിറ്റി സ്റ്റാഫ് അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം ഏകദേശം 11 ശതമാനം നികുതി വര്‍ധനയാണ് വീട്ടുടമകളെ ബാധിച്ചത്. ഫിനാന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന ഫീസ് നിരക്ക് നിര്‍ദ്ദേശിക്കുന്നു. ബിസിനസ് ലൈസന്‍സുകളില്‍ ഏകദേശം 50 ശതമാനം വര്‍ധനവും ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു. ഷോര്‍ട്ട് ടേം റെന്റല്‍ ലൈസന്‍സ് കോസ്റ്റ് പ്രതിവര്‍ഷം നാലിരട്ടി വര്‍ധിച്ച് 110 ഡോളര്‍ മുതല്‍ 450 ഡോളര്‍ വരെയാകുമെന്ന് പറയുന്നു. 

റെസിഡന്‍ഷ്യല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍, പെറ്റ് ലൈസന്‍സ്, റൈഡ്-ഹെയ്‌ലിംഗ് ഫീസ് എന്നിവയിലും വര്‍ധനവ് നിര്‍ദ്ദേശിക്കപ്പെടുന്നു. പ്രതിവര്‍ഷം 15.2 മില്യണ്‍ ഡോളര്‍ സിറ്റിക്ക് ഉയര്‍ന്ന നിരക്ക് വഴി നേടാനാകുമെന്നാണ് സിറ്റി അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 

റിപ്പോര്‍ട്ട് അടുത്ത ബുധനാഴ്ച കൗണ്‍സിലില്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചാല്‍ ജനുവരിയില്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.