സംസ്ഥാനത്ത് 4 തുറമുഖങ്ങൾക്ക് ഐഎസ്‍പിഎസ് അംഗീകാരം ലഭിച്ചതായി തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിദേശ യാത്രാ-ചരക്കു കപ്പലുകൾ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസർക്കാർ ഐ എസ് പി എസ് സർട്ടിഫിക്കേഷൻ നൽകിയത്. ബേപ്പൂർ, വിഴിഞ്ഞം, അഴീക്കൽ, കൊല്ലം എന്നീ തുറമുഖങ്ങൾക്കാണ് അംഗീകാരം. കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ പശ്ചാത്തല വികസനം ഉറപ്പാക്കി വിദേശ കപ്പലുകൾ ഉൾപ്പെടെ സർവീസ് നടത്താൻ സാധ്യമാകും വിധം നവീകരിക്കുക എന്ന സംസ്ഥാന സർക്കാരിന്‍റെ പ്രധാന ലക്ഷ്യത്തിലേക്കുള്ള കാൽവെപ്പാണ് ഈ അംഗീകാരത്തിലൂടെ യാഥാർത്ഥ്യമായതെന്ന് മന്ത്രി വ്യക്തമാക്കി. ഐ എസ് പി എസ് സർട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടെ സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾ അന്താരാഷ്ട്ര തുറമുഖങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ഭാവിയിൽ കൂടുതൽ ചരക്കുകയറ്റുമതി നടത്താൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഐ എസ് പി എസ് അംഗീകാരം ലഭിച്ചതോടെ ഇസംസ്ഥാനത്തെ തുറമുഖങ്ങൾ സജീവമാകാൻ പോകുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.