യുഎസില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാന്‍ കാനഡ ഈ വര്‍ഷം കരാര്‍ ഉണ്ടാക്കിയിരുന്നു. കരാറിന് ശേഷം അതിര്‍ത്തിയിലെ ക്രോസിംഗുകളില്‍ അനധികൃതമായി പ്രവേശിച്ചതിന് പിടിക്കപ്പെട്ട ആളുകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ അഞ്ച് മാസത്തിന് ശേഷം കാനഡയില്‍ റെഫ്യൂജി ക്ലെയിംസ് ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അഭയാര്‍ത്ഥികളില്‍ പലരും വിമാനമാര്‍ഗ്ഗമാണ് രാജ്യത്തെത്തുന്നത്. മറ്റുള്ളവര്‍ അതിര്‍ത്തി കടന്നെത്തുകയും തിരിച്ചയക്കപ്പെടില്ലെന്ന ഭയമില്ലാതെ അഭയത്തിന് അപേക്ഷിക്കുന്നത് വരെ ഒളിച്ചുതാമസിക്കുകയും ചെയ്യുന്നതായി കുടിയേറ്റക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ മാധ്യമങ്ങളോട് പറയുന്നു. അതിര്‍ത്തി അടയ്ക്കുന്നത് പ്രൊട്ടക്ഷന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് വിന്നിപെഗ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഷൗന ലാബ്മാന്‍ പറയുന്നു. ഇതുവഴി കുടിയേറ്റക്കാരുടെ നിരാശ വര്‍ധിപ്പിക്കാന്‍ മത്രമേ സാധിക്കുകയുള്ളൂ.
കുടിയേറ്റക്കാരെ വലിയ തോതില്‍ സ്വാഗതം ചെയ്യുന്ന രാജ്യമാണ് കാനഡ. രൂക്ഷമായ തൊഴില്‍ ക്ഷാമം നേരിടാന്‍ അരലക്ഷം പുതിയ പെര്‍മനന്റ് റെസിഡന്റ്‌സിനെ സ്വാഗതം ചെയ്യാനുള്ള ലക്ഷ്യത്തിലാണ് രാജ്യം. എങ്കിലും അഭയത്തിന് അപേക്ഷിക്കുന്നവരെ നിരുത്സഹപ്പെടുത്താന്‍ കാനഡ ശ്രമിച്ചിട്ടുണ്ട്, യുഎസുമായുള്ള കരാറിലൂടെ ഓരോ രാജ്യവും അഭയം തേടുന്നവരെ പിന്തിരിപ്പിക്കുന്നു. എന്നിട്ടും കഴിഞ്ഞ വര്‍ഷം മാത്രം 39,000ത്തിലധികം അഭയാര്‍ത്ഥികള്‍ അനൗദ്യോഗിക ക്രോസിംഗുകള്‍ വഴി കാനഡയിലേക്ക് പ്രവേശിച്ചതായാണ് കണക്കുകള്‍. കൂടുതലും ക്യുബെക്കിലാണ് പ്രവേശിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.