ബീസിയില്‍ അധ്യാപക ക്ഷാമം രൂക്ഷമായതായി യൂണിയന്‍ 

By: 600002 On: Aug 31, 2023, 11:42 AM

 


പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ബ്രിട്ടീഷ് കൊളംബിയയിലെ സ്‌കൂളുകളില്‍ മതിയായ അധ്യാപകരില്ലാത്തത് ആശങ്കയ്ക്കിടയാക്കുന്നുവെന്ന് ബീസി ടീച്ചേഴ്‌സ് ഫെഡറേഷന്‍. അധ്യാപകരുടെ കുറവ് മൂലം സ്‌കൂള്‍ തുറക്കുമ്പോള്‍ ചില ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാന്‍ കഴിയില്ലെന്ന് ഫെഡറേഷന്‍ അറിയിക്കുന്നു. പ്രവിശ്യയിലുടനീളം അധ്യാപക തസ്തികകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഒഴിവുകളുണ്ടെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. ഈ ഒഴിവുകള്‍ നികത്താനായില്ലെങ്കില്‍ കുട്ടികളുടെ പഠനം അവതാളത്തിലാകുമെന്ന് യൂണിയന്‍ പ്രസിഡന്റ് ക്ലിന്റ് ജോണ്‍സ്റ്റണ്‍ പറയുന്നു. എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമല്ലെന്ന് അദ്ദേഹം പറയുന്നു. 

ബീസിയിലെ ചില വിദൂര, ഗ്രാമീണ ഡിസ്ട്രിക്റ്റുകളില്‍ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും അഭാവം മൂലം ക്ലാസ് മുറികള്‍ കൃത്യമായി തുറക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍, അധ്യാപകരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പ്രവിശ്യയില്‍ അധ്യാപനം 30 വര്‍ഷം മുതല്‍ 35 വര്‍ഷം വരെ സുസ്ഥിരമായി നിലനില്‍ക്കുന്ന തൊഴിലായി മാറ്റേണ്ടതുണ്ടെന്നും ജോണ്‍സ്റ്റണ്‍ അഭിപ്രായപ്പെടുന്നു.