ഇന്ത്യയുടെ എതിർപ്പിനെ അവഗണിച്ച് ലങ്കൻ തീരത്ത് ചൈനീസ് കപ്പലിന് അനുമതി

By: 600021 On: Aug 31, 2023, 6:40 AM

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ശ്രീലങ്കയിലെത്താനിരിക്കെ ചൈനയുടെ അത്യാധുനിക ഗവേഷണ കപ്പല്‍ ഷി യാൻ സിക്സിന്‍റെ കൊളംബോ സന്ദര്‍ശനത്തിന് ശ്രീലങ്കയുടെ അനുമതി. ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ നളിൻ ഹെരാത്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ ആശങ്കകൾക്കിടെയാണ് ശ്രീലങ്കൻ സമുദ്ര ഗവേഷണ ഏജൻസിയുമായി ചേര്‍ന്നുള്ള പഠനങ്ങൾക്കായി ചൈനീസ് ഗവേഷണ കപ്പല്‍ വീണ്ടും ശ്രീലങ്കൻ തീരത്തേക്ക് എത്തുക. ഒക്ടോബറില്‍ കൊളംബോ തീരത്ത് എത്തുന്ന കപ്പലിൽ 60 ജീവനക്കാർ ഉൾപ്പെടും. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് മുൻപും ചൈനീസ് കപ്പലുകൾ ശ്രീലങ്കൻ തീരത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ ഉപഗ്രഹങ്ങളെപ്പോലും നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള യുവാന്‍ വാങ് 5 ചാരക്കപ്പൽ ഹംബൻതോട്ട തുറമുഖത്തും രണ്ടാഴ്ച മുൻപ് ചൈനീസ് നാവിക സേനയുടെ യുദ്ധക്കപ്പൽ കൊളംബോയിലും എത്തിയിരുന്നു. എന്നാല്‍, ചൈനീസ് എംബസിയുടെ ആവശ്യം പരിഗണിച്ചുവരുന്നതേ ഉള്ളൂവെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇന്ത്യൻ വാര്‍ത്താ ഏജൻസിയോട് ഈ അവസരത്തിൽപ്രതികരിച്ചത്.