ഇന്ന് തിരുവോണം; സമാധാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നാളുകൾ ആഘോഷിച്ച് മലയാളികൾ

By: 600021 On: Aug 29, 2023, 6:18 PM

മലയാളികൾക്ക് ഇന്ന് തിരുവോണം. എല്ലാ മലയാളികൾക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഓണാശംസകൾ നേർന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകമാണ് ഓണമെന്നും ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും, അപാരമായ സമൃദ്ധിയും വർഷിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ഭാഷാടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങളാണെന്നും തെക്കേ ഇന്ത്യയിലെ പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെയെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശംസിച്ചു.  

സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്നും ഐശ്വര്യവും സമാധാനം നിറഞ്ഞതുമായ ഒന്നാണ് ഓണസങ്കൽപം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും ഓണം ഐശ്വര്യപൂർണ്ണമാക്കാൻ വേണ്ടതൊക്കെ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്നും പ്രതിസന്ധികളിലും ആഘോഷ വേളയിലും സർക്കാർ ഒപ്പമുണ്ട് എന്നും മുഖ്യമന്ത്രി ഓണസന്ദേശത്തിൽ പറഞ്ഞു.