കാനഡയിലെ ഭവന വിപണിയിലെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ രാജ്യത്തെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കുമെന്ന ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സസ്‌ക്കാച്ചെവനിലെ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും രംഗത്ത്. സസ്‌ക്കാച്ചെവനിലെ വിദ്യാര്‍ത്ഥി ജനസംഖ്യയുടെ വലിയൊരു ശതമാനം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ്. അതിനാല്‍ തീരുമാനം നിരാശജനകമാണെന്ന് റെജൈന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിഷയത്തെക്കുറിച്ച് ഗൗരവമായി പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ടെന്ന് വിദ്യാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും പറയുന്നു.
ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിന് നാണക്കേടാണെന്ന് റെജൈന സര്‍വകലാശാലയിലെ മെക്‌സിക്കന്‍ വിദ്യാര്‍ത്ഥി കാര്‍മെന്‍ എന്‍സിനാസ് പറയുന്നു. പുതിയ ആളുകളെ കണ്ടുമുട്ടാനും, പുതിയത് പഠിക്കാനും പുതിയ ജീവിത സാഹചര്യങ്ങളില്‍ വളരാനും മികച്ച ജോലി ചെയ്യാനും വലിയൊരു അവസരമാണിത്. കാനഡ പോലുള്ള മികച്ച രാജ്യങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന തന്നെ പോലുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും കാര്‍മെന്‍ പറയുന്നു.
വിഷയം എടുത്ത്കാണിച്ച റെജൈന യൂണിവേഴ്‌സിറ്റി അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സംഘടനയുടെ പ്രാധന്യം വിവരിച്ചു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തങ്ങള്‍ വിലമതിക്കുന്നുവെന്ന് യൂണിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
റെജൈന-വാസ്‌കാന എംപി മൈക്കല്‍ ക്രാമും വിദ്യാര്‍ത്ഥികളോട് സമാന കാഴ്ചപ്പാട് പങ്കിട്ടു.
സര്‍വ്വകലാശാലയുടെ കണക്കനുസരിച്ച് 2023 ഓഗസ്റ്റ് 16 വരെ, 3968 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. 2022 ല്‍ ഇത് 2,922 ആയിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 800,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ എത്തിയത്.