BRICS കൂട്ടായ്മയിലേക്ക് ആറ് രാജ്യങ്ങളെ കൂടി ക്ഷണിച്ച് ഇന്ത്യ

By: 600021 On: Aug 25, 2023, 6:27 AM

അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ബ്രിക്‌സിന്റെ ഭാഗമാകാൻ ക്ഷണം സ്വീകരിച്ച് ആറ് രാജ്യങ്ങൾ. സൗദി അറേബ്യ, യു.എ.ഇ., അര്‍ജന്റീന, ഇറാന്‍, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കാണ് ക്ഷണം നൽകിയതെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അറിയിച്ചു. ബ്രിക്‌സ് കൂട്ടായ്മ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിക്‌സ് വാര്‍ഷിക ഉച്ചകോടിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കൂട്ടായ്മയിലേക്ക് മുഴുവന്‍ സമയ അംഗങ്ങളാകാന്‍ ആറു രാജ്യങ്ങള്‍ക്ക് ക്ഷണം നൽകിയത്. ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ചരിത്രപരമായി അടുത്ത ബന്ധമുണ്ടെന്നും സഹകരണത്തിന്റെയും പുരോഗതിയുടേയും പുതിയ യുഗത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും ബ്രിക്‌സിലേക്ക് രാജ്യങ്ങളെ സ്വാഗതം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

അതിനിടെ, ബ്രിക്‌സിന്റെ ഭാഗമാകാന്‍ പാകിസ്താന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. കൂടുതല്‍ വികസ്വര രാജ്യങ്ങളെ ബ്രിക്‌സിന്റെ ഭാഗമാക്കുക വഴി കൂട്ടായ്മ ശക്തിപ്പെടുത്താനാകുമെന്ന വാദവുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പാകിസ്താനെ ബ്രിക്‌സിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ പിന്തുണച്ചിരുന്നു.