പതിനഞ്ചാമത് BRICS ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലെത്തി. ആഗോള സമ്പദ്‌വ്യവസ്ഥയിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ലോകത്തിലെ വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണെന്നും വരും വർഷങ്ങളിൽ ഇന്ത്യ ലോകത്തിന്റെ വളർച്ചാ യന്ത്രമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്‌സ് ബിസിനസ് ഫോറം അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരസ്പര ത്വരിത വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുരാഷ്ട്രവാദത്തിനായുള്ള പങ്കാളിത്തം എന്നതാണ് BRICS ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം. വ്യാഴാഴ്ച സമാപിക്കുന്ന ത്രിദിന ഉച്ചകോടിയിൽ, കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടാനും വിജ്ഞാന സൃഷ്ടിയ്ക്കും വിനിമയത്തിനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബ്രിക്‌സും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം എന്നിവ വർധിപ്പിക്കാനും പങ്കാളിത്തം സ്ഥാപിക്കാനും ചർച്ച നടക്കും. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോട്ടാക്കിസിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലേക്കും പോകും.