കാനഡയിലെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വ ബോധവും സര്‍ക്കാരിലുള്ള അവരുടെ വിശ്വാസവും പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍. ഈ ശ്രമങ്ങളുടെ ഭാഗമായി, ഷാര്‍ലറ്റ്ടൗണില്‍ നടക്കുന്ന പുതിയ കാബിനറ്റിന്റെ റിട്രീറ്റില്‍ പുതിയ ദൗത്യങ്ങള്‍ പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നാണ് സൂചന. ജൂലൈയില്‍ നടന്ന പ്രധാന പുന:സംഘടനയെ തുടര്‍ന്ന് ഹൗസ് ഓഫ് കോമണ്‍സിലിരുന്ന മന്ത്രിസഭയില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാബിനറ്റാണിത്. 38 മന്ത്രിമാരില്‍ ഏഴ് പേരെ പൂര്‍ണമായി മാറ്റുകയും 19 പേര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തു. ഈ കാബിനറ്റില്‍ പ്രധാന ചര്‍ച്ചാ വിഷയം പാര്‍പ്പിട പ്രതിസന്ധിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹൗസിംഗ് അഫോര്‍ഡബിളിറ്റി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പുതിയ തലങ്ങളിലെത്തി നില്‍ക്കുകയാണ്. ഇത് പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. രാജ്യത്തെ ഉയരുന്ന ജീവിത ചെലവുകള്‍ മൂലം താങ്ങാനാകുന്ന വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാത്ത ചെറുപ്പക്കാരായ കനേഡിയന്‍ ജനതയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. നിലവില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും വീടുകള്‍ വാങ്ങുവാനോ വാടകയ്‌ക്കെടുക്കാനോ തടസ്സമാകുന്നതായി ആളുകള്‍ പറയുന്നു.
റിട്രീറ്റിന് ശേഷം വലിയ നയപ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ഫാള്‍ സീസണില്‍ ഫെഡറല്‍ ഡിസിഷന്‍ മേക്കിംഗിനായി മാര്‍ഗ്ഗനിര്‍ദ്ദേശം മന്ത്രിമാര്‍ക്ക് നാഷണല്‍ എക്‌സ്‌പേര്‍ട്ട്‌സ് നല്‍കും. ഹൗസിംഗ്, യൂത്ത് എന്നിവ സംബന്ധിച്ച് മന്ത്രിമാര്‍ക്ക് വിദഗ്ധര്‍ വിശദീകരിക്കും. സര്‍ക്കാരിന്റെ കുടിയേറ്റ നയവും അഫോര്‍ഡബിള്‍ ഹൗസിംഗും പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നതിനാല്‍ ഇതും പ്രധാനമായി ചര്‍ച്ചയ്ക്ക് വരും.
ഫെഡറല്‍ ഡിസിഷന്‍ മേക്കിംഗില്‍ നാഷണല്‍ ഹൗസിംഗ് ഡീല്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. 2030 ഓടെ ഭവന വിപണിയില്‍ കാനഡയ്ക്ക് ആവശ്യമായ 5.8 മില്യണ്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഹൗസിംഗ് ഏജന്‍സികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഉടമ്പടിയാണിത്. ഇത് സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും ചര്‍ച്ചയ്ക്ക് വരും.