കാട്ടുതീ രൂക്ഷമാകുന്നു: ബീസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

By: 600002 On: Aug 19, 2023, 9:11 AM

 


പ്രവിശ്യയിലെ കമ്മ്യൂണിറ്റികളിലുടനീളം വ്യാപിക്കുന്ന കാട്ടുതീയെ തുടര്‍ന്ന് ബ്രിട്ടീഷ് കൊളംബിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടുതീ പ്രവിശ്യയ്ക്ക് ഭീഷണിയായികൊണ്ടിരിക്കുകയാണെന്നും സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണെന്നും പ്രീമിയര്‍ ഡേവിഡ് എബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനാല്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. വെസ്റ്റ് കെലോനയില്‍ നിരവധി വീടുകള്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞു. ഇതിന് പിന്നാലെയാണ് ബീസിയിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെസ്റ്റ്‌കെലോനയില്‍ 6,800 ഹെക്ടറോളം പ്രദേശം കാട്ടുതീയില്‍ കത്തിയെരിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 

മക്ഡൗഗല്‍ ക്രീക്ക് കാട്ടുതീ ഒക്‌നാഗന്‍ ലേക്കിലേക്ക് പടര്‍ന്നതോടെ പുലര്‍ച്ചെ ഒരു മണിയോടെ കെലോന സിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ക്ലിഫ്ടണ്‍ റോഡ് നോര്‍ത്ത്, മക്കിന്‍ലി കമ്മ്യൂണിറ്റികളില്‍ വീടുകള്‍ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. നിരവധി പേരെയാണ് കാട്ടുതീ മൂലം കുടിയൊഴിപ്പിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ പ്രവിശ്യയിലുടനീളം ഒഴിപ്പിച്ചവരുടെ എണ്ണം 15,000 ആയി ഉയര്‍ന്നതായി ഡേവിഡ് എബി പറഞ്ഞു. 23,000 ത്തോളം പേരെ ഒഴിപ്പിക്കാനായി ഉത്തരവിട്ടുണ്ട്. അറിയിപ്പ് ഉണ്ടാകുന്നതിനനുസരിച്ച് ഇവര്‍ വീടുകളില്‍ നിന്നും ഒഴിയാന്‍ തയാറായിരിക്കണമെന്ന് എബി അറിയിച്ചു. 

ശക്തമായ കാറ്റാണ് രക്ഷാപ്രവര്‍ത്തനത്തിലെ വെല്ലുവിളി. പ്രദേശത്തെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തീ അതിവേഗം ഇനിയും പടരാന്‍ ഇടയുണ്ടെന്നും അധികൃതര്‍ പറയുന്നു.