ഇമിഗ്രേഷന്‍ നയത്തില്‍ ഉറച്ച് നിന്ന് ഫെഡറല്‍ സര്‍ക്കാര്‍; ഭവന പ്രതിസന്ധി രൂക്ഷമായതായി വിദഗ്ധര്‍ 

By: 600002 On: Aug 17, 2023, 11:22 AM

 

 

ദ്രുതഗതിയില്‍ വളരുന്ന ജനസംഖ്യാ നിരക്കിന് അനുസൃതമല്ല കാനഡയിലെ ഭവന വിതരണമെന്ന് വിദഗ്ധര്‍. കുടിയേറ്റം വഴിയുള്ള ജനസംഖ്യാ വളര്‍ച്ചയുടെ വേഗത ഭവന പ്രതിസന്ധി കൂടുതല്‍ വഷളാക്കുകയാണെന്ന് അക്കാദമിക് വിദഗ്ധരും ബാങ്കുകളും നയതന്ത്രജ്ഞരും ഫെഡറല്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജനസംഖ്യാ വര്‍ധനയ്ക്ക് അനുസൃതമായി കൂടുതല്‍ വീടുകള്‍ നിര്‍മിക്കാന്‍ രാജ്യത്തിന് കഴിയുന്നില്ല എന്നതാണ് അഫോര്‍ഡബിളായ വീട് കണ്ടെത്തുന്നതിന് വെല്ലുവിളിയായി തീരുന്നതെന്ന് ടൊറന്റോ മെട്രോ പൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മുര്‍താസ ഹൈദര്‍ പറയുന്നു. ഇമിഗ്രേഷനിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കുന്ന സര്‍ക്കാരിന്റെ തന്ത്രം വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഭവന ക്ഷാമം ഏകദേശം അരലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കുമെന്ന് ടിഡി റിപ്പോര്‍ട്ടും മുന്നറിയിപ്പ് നല്‍കുന്നു. 

പ്രതിവര്‍ഷം 50,0000 ത്തോളം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാണ് ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം. ഇതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച പ്രാപിക്കുമെന്നും കെട്ടിട നിര്‍മാണങ്ങളിലും മറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളിലും തൊഴിലാളികളെ കൂടുതലായി ലഭിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കുടിയേറ്റമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത്. ജോലിക്കും, സ്ഥിരതാമസത്തിനുമായി കൂട്ടത്തോടെയെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. കുടിയേറ്റത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ പ്രതിസന്ധിക്ക് ചെറിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.  

അതേസമയം, ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ കാനഡയിലെ ഭവന നിര്‍മാണത്തിന്റെ വാര്‍ഷിക വേഗത 10 ശതമാനം കുറഞ്ഞതായി കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണില്‍ 283,498 ആയിരുന്നത് ജൂലൈയില്‍ 254,966 യൂണിറ്റായി കുറഞ്ഞു.