കാനഡയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രി മാര്‍ക്ക് ഹോളണ്ട്. ഫാള്‍ സീസണില്‍ കോവിഡ് കേസുകള്‍ കൂടുതലാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണിന്റെ പുതിയ വേരിയന്റ് ഇജി 5.1 പ്രവിശ്യകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതും വരും ദിവസങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യത. ദിവസവും കോവിഡ് കേസുകള്‍ സംബന്ധിച്ച അവലോകനം നടത്തുന്നുണ്ടെന്ന് ഹോളണ്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോവിഡ് സാഹചര്യം നിരീക്ഷിച്ച് ആവശ്യമായ നടപടികളും മുന്‍കരുതലുകളുമെടുക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി.
ക്രമാനുഗതമായ ഇടിവിന് ശേഷം രാജ്യത്ത് ചിലയിടങ്ങളില്‍ കോവിഡ് വീണ്ടും വര്‍ധിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 8.6 ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സാവധാനമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും കോവിഡ് ബാധ ഉയരുന്നതിന്റെ സൂചനകളാണ് നിലവിലുള്ളതെന്ന് കനേഡിയന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.