കാനഡയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Aug 16, 2023, 9:03 AM

 


കാനഡയിലുടനീളം കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവിശ്യകളിലും ടെറിട്ടറികളിലും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ നിലവില്‍ കുറവാണെങ്കിലും കോവിഡ് രോഗബാധ പതുക്കെ വര്‍ധിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഏജന്‍സി വ്യക്തമാക്കി. ക്രമാനുഗതമായ ഇടിവിന് ശേഷം ചില പ്രദേശങ്ങളില്‍ കോവിഡ് അണുബാധയുടെ തുടര്‍ച്ചയായ ഏറ്റക്കുറച്ചിലുകളുടെ സൂചനകളുണ്ടെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതും വര്‍ധനയുടെ സൂചനയായി കണക്കാക്കമെന്നും ഏജന്‍സി വ്യക്തമാക്കി. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ യുഎസിലും യുകെയിലും മറ്റ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതോടെ കാനഡയിലും ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഇജി 5.1 കേസുകള്‍ ഒന്റാരിയോ അടക്കമുള്ള പ്രവിശ്യകളിലും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. 

ഒമിക്രോണിന്റെ വകഭേദമായ XBBയാണ് കാനഡയില്‍ ഇപ്പോള്‍ പ്രബലമെന്ന് മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഇമ്മ്യൂണോളജിസ്റ്റ് ഡോണ്‍ ബൗഡിഷ് പറയുന്നു. ഇതില്‍ പുതിയ കോവിഡ് വകഭേദമായ ഇജി.5 ഉം ഉള്‍പ്പെടുന്നു. പുതിയ കോവിഡ് വകഭേദം വരും ആഴ്ചകളില്‍ കാനഡയിലുടനീളം വ്യാപിക്കുമെന്നും ഡോണ്‍ ബൗഡിഷ് മുന്നറിയിപ്പ് നല്‍കുന്നു.