കാനഡയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായതോടെ കാനഡയില്‍ ഭവന നിര്‍മാണ ചെലവ് കൂടുമെന്നും ഭവന വിതരണത്തില്‍ പ്രതിസന്ധികളുണ്ടാകുമെന്നും വിദഗ്ധര്‍. 2022 ല്‍ 400,000 ത്തിലധികമായിരുന്നു സ്ഥിരതാമസക്കാരുടെ നിരക്ക്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 500,000 ആയി കുടിയേറ്റക്കാരുടെ എണ്ണമുയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ കാനഡയിലെത്തുന്ന കുടിയേറ്റക്കാര്‍, പ്രത്യോകിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ താമസിക്കാന്‍ ഒരു വീടിനായി ബുദ്ധിമുട്ടിലാവുമെന്ന് കാള്‍ട്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് കണ്‍സള്‍ട്ടന്റ് സ്റ്റീവ് പോമെറോയ് പറയുന്നു.
രാജ്യത്തെ മിക്ക പ്രവിശ്യകളിലും പ്രദേശങ്ങളിലും വാടക നിരക്കും വീടുകളുടെ വിലയും വര്‍ധിച്ചതോടെ താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ജീവിതം പ്രതിസന്ധിയിലാകുന്നു. അവശ്യ വസ്തുക്കള്‍ക്കുള്‍പ്പെടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയരുന്നത് കൂടുതല്‍ വെല്ലുവിളിയിലേക്ക് നയിക്കുന്നു.
ടൊറന്റോ, വാന്‍കുവര്‍ തുടങ്ങിയ വന്‍കിട ഭവന വിപണികളിലെ വാടക ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ദേശീയതലത്തില്‍ ശരാശരി വാടക കഴിഞ്ഞ വര്‍ഷം 10 ശതമാനത്തിലധികം ഉയര്‍ന്നു. ഈ വര്‍ഷം വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ വലിയ പ്രതീക്ഷയോടെ കാനഡയിലേക്കെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതീക്ഷകള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ സൂചിപ്പിക്കുന്നു.