രാജ്യത്തെ 6.4 ലക്ഷം ഗ്രാമങ്ങളെ ബ്രോഡ് ബാൻഡ് വഴി ബന്ധിപ്പിക്കുന്ന ഭാരത് നെറ്റ് പദ്ധതിക്ക് 1.39 ലക്ഷം കോടി രൂപ കൂടി അനുവദിച്ച് കേന്ദ്രം. നിലവിൽ 1.94 ലക്ഷം ഗ്രാമങ്ങളിൽ ബ്രോഡ് ബാൻഡ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത രണ്ടര വർഷത്തിനുള്ളിൽ ബാക്കിയുള്ളവ പൂർത്തികരിക്കുമെന്നാണ് കേന്ദ്രത്തിൻ്റെ അറിയിപ്പ്. മനുഷ്യവാസമുള്ള എല്ലാ വിദൂര മേഖലയിലും എയർടെൽ, വോഡഫോൺ, ജിയോ തുടങ്ങിയ സ്വകാര്യ സേവന ദാതാക്കളുടെ മാതൃകയിൽ പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് നെറ്റ് ശൃംഖലയുടെ നിർമാണം, നടത്തിപ്പ്, അറ്റകുറ്റ പണി തുടങ്ങിയവ ഗ്രമതലത്തിലെ സ്വകാര്യ സംരംഭകരായ 'ഉദ്യമി'കളാണ് ഏറ്റെടുത്ത് നടത്തുന്നത്. 50 ശതമാനം വരുമാനം പങ്കിടുന്ന വ്യവസ്ഥയിൽ ഇവർ വീടുകളിൽ ഫൈബർ ശൃംഖല ലഭ്യമാക്കും. പദ്ധതി വഴി 2.5 ലക്ഷം പേർക്ക് ജോലി ലഭിക്കും. 4000 ഉദ്യമികളാണ് പൈലറ്റ് പ്രോജക്ടിൽ പങ്കാളികളായത്. 399,599,799 എന്നിങ്ങനെ ആരംഭിക്കുന്ന ഭാരത് നെറ്റ് ബ്രോഡ്ബാൻഡ് പ്ലാൻ സെക്കൻഡിൽ 30 എം.ബി സ്പീഡും വിവിധ ഒ ടി ടി സേവനങ്ങളും ലഭ്യമാക്കുന്നതാണ്.