ഓട്ടവയില്‍ കനത്ത മഴ: റോഡുകളും വീടുകളും വെള്ളത്തിനടിയിലായി

By: 600002 On: Aug 11, 2023, 10:05 AM

 


ഓട്ടവയില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയില്‍ നിരവധി റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. വൈകിട്ട് അഞ്ച് മണിവരെ നഗരത്തില്‍ 77 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. വെള്ളപ്പൊക്കം കാരണം ഓട്ടവ നഗരത്തിലുടനീളം നിരവധി റോഡുകള്‍ അടച്ചിട്ടു. വുഡ്‌റോഫ് അവന്യു, മെറിവാലെ റോഡ്, ഇന്നസ് റോഡ്, മെഡോലാന്‍ഡ്‌സ് ഡ്രൈവ് എന്നിവടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം താല്‍ക്കാലികമായി റോഡ് അടച്ചിട്ടിരുന്നു. 

ബേണ്‍ സ്ട്രീറ്റിലും ക്ലോഡ് സ്ട്രീറ്റിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചില പ്രദേശങ്ങളില്‍ മൂന്നടി വരെ വെള്ളം പൊങ്ങി. 

ഓട്ടവയിലും ഈസ്‌റ്റേണ്‍ ഒന്റാരിയോയിലും ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ വലിയ തോതില്‍ ആലിപ്പഴം വീഴ്ചയും ഉണ്ടായി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഓട്ടവയിലെ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു.